• Mon. Dec 23rd, 2024

രാഹുല്‍ സ്ത്രീധനം ചോദിച്ചില്ലെന്ന് യുവതി, മകളെ കാണാനില്ലെന്ന് പിതാവ്; അന്വേഷണം ഊര്‍ജിതം

ByPathmanaban

Jun 12, 2024

കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. 3 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ നിലപാടു മാറ്റിയ യുവതി ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതികരിച്ചപ്പോള്‍, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി. മകള്‍ സ്വന്തമായി ഇത്തരത്തില്‍ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെണ്‍കുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവര്‍ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നുമാണു വിശ്വസിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവ് പീഡനക്കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാല്‍ നിരപരാധിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ യുവതിയില്‍ നിന്നു വീണ്ടും വിവരങ്ങള്‍ ആരാഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പൊലീസ് അറിയിച്ചു. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം യുവതി നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ ഷമീം പക്സന്‍ പറഞ്ഞു. അതേസമയം, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രാഹുലിനെതിരെ നിര്‍ണായക തെളിവുണ്ടെന്നാണു പൊലീസ് പറയുന്നത്. ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം രാഹുലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും.

Spread the love

You cannot copy content of this page