സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ക്കാന്‍ ജോണ്‍ ബ്രിട്ടാസ് എംപി ഇടപെട്ടുവെന്ന, മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കൊണ്ടുള്ള മുന്‍ കേരളാ നിയമസഭാ സ്പീക്കറും, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും, സമരം അവസാനിപ്പിക്കേണ്ടേ എന്നും, നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നും ആയിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളുപ്പെടുത്തുകയുണ്ടായി. മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.
ഈ വിഷയത്തെ സംബന്ധിച്ചായിരുന്നു പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘എന്താ ഒരു സമരം നടക്കുമ്പോള്‍ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടക്കാറില്ലേ? ചര്‍ച്ചകള്‍ നടക്കില്ലേ? അതിലെന്താ ആനക്കാര്യം? ആരോപണം ആണത്രേ? എന്ന ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍, മമ്മുട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവരെ തൊട്ടു ദേശീയ നേതാക്കള്‍ വരെയുള്ളവരോട് ഒരു പോലെ പെരുമാറാന്‍ കഴിയുന്ന പ്രകൃതമാണ് ജോണ്‍ ബ്രിട്ടാസിന്റേതെന്നും, ഇതൊന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യങ്ങളെ തരിമ്പു പോലും സ്വാധീനിക്കില്ല എന്നതിന്റെ അനുഭവങ്ങള്‍ തീകാറ്റ് പോലുള്ള ബ്രിട്ടാസിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ സാക്ഷ്യം എന്നും അദ്ദേഹം കുറിച്ചു. ‘സമരം ഒരിക്കലും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു തീരാറില്ല. വിവിധ സാഹചര്യത്തില്‍ ഒരു അന്തരീക്ഷം രൂപപ്പെട്ടുവരുമ്പോള്‍ സംഭവിക്കുന്ന ഒന്നാണത് എന്നും, അതിന് മുമ്പ് ചിലപ്പോള്‍ ചില ഇടക്കാല തീരുമാനങ്ങള്‍ ഉണ്ടായെന്നും അതിനായി ചര്‍ച്ചകള്‍ നടന്നെന്നും വരാമെന്നും പറഞ്ഞുകൊണ്ട് അവസാനിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ;
‘എന്താ ഒരു സമരം നടക്കുമ്പോള്‍ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടക്കാറില്ലേ? ചര്‍ച്ചകള്‍ നടക്കില്ലേ? അതിലെന്താ ആന ക്കാര്യം? ആരോപണം ആണത്രേ?… ജോണ്‍ ബ്രിട്ടാസിനെതിരെ ആരോപണം പോലും. കുന്തമാണ്.പരസ്പരം കണ്ടാല്‍ പല്ല് കടിച്ചും മസിലു പെരുപ്പിച്ചും കടിച്ചു കീറലല്ല രാഷ്ട്രീയം. നല്ല ബന്ധങ്ങള്‍ രാഷ്ട്രീയത്തിന്, അതീതമായി സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയുന്ന അപൂര്‍വം ആളുകളില്‍ ഒരാളാണ് ബ്രിട്ടാസ്. മമ്മുട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവരെ തൊട്ടു ദേശീയ നേതാക്കള്‍ വരെയുള്ളവരോട് ഒരു പോലെ പെരുമാറാന്‍ കഴിയുന്ന പ്രകൃതം….. ഇതൊന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യങ്ങളെ തരിമ്പു പോലും സ്വാധീനിക്കില്ല എന്നതിന്റെ അനുഭവങ്ങള്‍ തീകാറ്റ് പോലുള്ള അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് പ്രസംഗങ്ങള്‍ സാക്ഷ്യം
പിന്നെ സമരം കൊണ്ടെന്തു നേടി എന്ന ചോദ്യത്തിന് ഉത്തരം അന്നും ഇന്നും ഒന്ന് തന്നെ… നിയമസഭയില്‍ ഞങ്ങള്‍ പ്രതിപക്ഷത്തു നിന്ന് നിരവധി അടിയന്തിര പ്രമേയങ്ങളിലൂടെ ജുഡീഷ്യല്‍ അന്വേഷണത്തിനായി പോരാടിയിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. എന്നാല്‍ മേല്പറഞ്ഞ സമരം രണ്ടാമത്തെ ദിവസമായപ്പോഴേക് അന്വേഷണം പ്രഖ്യാപിച്ചു. ചര്‍ച്ച കൊണ്ടായാലും സമരം കൊണ്ടായാലും സമരക്കാര്‍ മുന്നോട്ടു വെച്ച സുപ്രധാന രണ്ടു ആവശ്യങ്ങളില്‍ ഒന്നായിരുന്നു അംഗീകരിക്കപ്പെട്ടത്. മുഖ്യമന്ത്രി രാജി വെച്ചൊഴിയണം എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു.എന്നാല്‍ ldf ആവശ്യത്തിന് വഴങ്ങി അദ്ദേഹം രാജിവെക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ? ഉണ്ടാവാന്‍ തരമില്ല. ഇപ്പോള്‍ ഗോപുരം കുത്താന്‍ വെമ്പുന്ന മാപ്ര കൂനന്‍മാര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ തോന്നുമോ? വാല്‍കഷ്ണം. സമരം ഒരിക്കലും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു തീരാറില്ല. വിവിധ സാഹചര്യത്തില്‍ ഒരു അന്തരീക്ഷം രൂപപ്പെട്ടു വരുമ്പോള്‍ സംഭവിക്കുന്ന ഒന്നാണത്. അതിന് മുമ്പ് ചിലപ്പോള്‍ ചില ഇടക്കാല തീരുമാനങ്ങള്‍ ഉണ്ടായെന്നും അതിനായി ചര്‍ച്ചകള്‍ നടന്നെന്നും വരാം.’