• Mon. Dec 23rd, 2024

നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍; ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

ByPathmanaban

May 30, 2024

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്കു മാറ്റി.

യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കൊച്ചി സിറ്റി പൊലീസിനു നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും  വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

Spread the love

You cannot copy content of this page