ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി നഴ്‌സുമാരുടെ സംഘടന. ജനകീയ ഡോക്ടര്‍ എന്ന വിശേഷണമുള്ള പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എയാണ് രംഗത്ത് വന്നത്. ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറെ കയ്യേറ്റം ചെയ്തുവെന്നും ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സംഘടന സമരം സംഘടിപ്പിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നാളുകളായി നഴ്‌സിങ് വിഭാഗം ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയാണെന്നാണ് ആക്ഷേപം.
രോഗികളുടേയും ബന്ധുക്കളുടേയും മുന്നില്‍ വെച്ച് മോശമായി സംസാരിക്കുന്നതായും ഇവര്‍ പരാതിയായി ഉന്നയിക്കുന്നു. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ്മിത ബക്കര്‍,പ്രസിഡന്റ് അജിത ടി. ആര്‍, സംസ്ഥാന കമ്മറ്റി അംഗം അഭിലാഷ് എം എന്നിവര്‍ സംസാരിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രന്റിനും ജില്ലാ മെഡിക്കല്‍ ഓഫിസറിനും നല്‍കിയ പരാതിയിന്മേല്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ജില്ലാ തലത്തിലേക്കു വ്യാപിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.അതേസമയം ജനകീയ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പ്രതിഷേധം സംഘടിപ്പിച്ച നഴ്‌സുമാരുടെ സംഘടനക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും രോഗികളും ബന്ധുക്കളും രംഗത്തെത്തിയതോടെ ആശുപത്രി പരിസരം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.
നഴ്‌സുമാരുടെ സമരത്തിനെതിരെ നാട്ടുകാര്‍ കൂകിയാണ് പ്രതിഷേധിച്ചത്. നഴ്‌സുമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നഴ്‌സുമാരുടെ സംഘടന പ്രതിഷേധവുമായി എത്തിയത് അപഹാസ്യമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം ആശുപത്രിക്ക് ആവശ്യമാണെന്നും മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള സമരം പ്രതിഷേധാര്‍ഹമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. രംഗം വഷളായതോടെ പൊലിസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചു.നാട്ടുകാര്‍ നഴ്‌സുമാരുമായി വാക്കു തര്‍ക്കമുണ്ടായി.
ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ ജനകീയ സമരം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.പൊതുപ്രവര്‍ത്തകരായ ഷമീര്‍ വളവത്ത്,ഷീജാ സുധീര്‍, ഹസീന നൗഷാദ്, ജാസ്മി റഫീഖ്, സജി, ഇന്ദു ജ്യോതിഷ്, ആര്‍. ബഷീര്‍,അമ്പു എന്നിവര്‍ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.അതേസമയം ആശുപത്രിയില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും അത് സംസാരിച്ച് തീര്‍ക്കുമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലെന്നും ഡിവിഷന്‍ കൗണ്‍സിലറും നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ടി.കെ അഷറഫ് പറഞ്ഞു.