തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കം ഉണ്ടാക്കിയ വിഷയത്തിൽ ഇടപെടലുമായി കോടതി. മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കോടതി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി പരിഗണിച്ചാണ് കോടതി മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കാൻ ആയി കൻ്റോൺമെൻ്റ് പൊലിസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ പോലീസ് ഇടപെടൽ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ഹർജി പരിശോധിച്ച് മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കാനായി നിർദ്ദേശം നൽകിയിട്ടുള്ളത്.
നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ദുർബലമായ വകുപ്പുകൾ ആണ് പോലീസ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ ചുമത്തിയിരുന്നത് എന്ന് വ്യാപകമായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കന്റോൺമെന്റ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.