• Tue. Dec 24th, 2024

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണക്ക് ജാമ്യമില്ല

ByPathmanaban

Jun 6, 2024

ബെംഗളൂരൂ: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവില്‍ വെച്ചാണ് പ്രജ്വല്‍ രേവണ്ണ അറസ്റ്റിലാകുന്നത്.

കര്‍ണാടകയിലെ ഹാസനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രജ്വല്‍ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസന്‍, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.

മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്.

Spread the love

You cannot copy content of this page