ഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി. ജാമ്യം തേടി കവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ കവിതയ്ക്ക് ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കെ കവിതയ്ക്കായി ഹാജരായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിലാണ് മാർച്ച് 15ന് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കവിതയ്ക്ക് ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി മൂന്നംഗ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാനായില്ല. കെ കവിതയുടെ ഹർജി പരിഗണിച്ച ശേഷം മൂന്നംഗ ബെഞ്ച് പിരിയുകയായിരുന്നു. ഒരു ജഡ്ജിയുടെ അഭാവത്തിൽ കേസ് ഉന്നയിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി രണ്ടംഗ ബെഞ്ചിന് പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രത്യേക കോടതി കെജ്‍രിവാളിന്റെ ഹർജി പരിഗണിക്കും