• Mon. Jan 13th, 2025

നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; പ്രതീക്ഷയോടെ അമ്മയും സംഘവും

ByPathmanaban

Apr 22, 2024

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഇതിന് ശേഷം കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും സംഘം ചര്‍ച്ച നടത്തും.

നിലവില്‍ യെമനിലെ ഏദന്‍ നഗരത്തിലാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും. വൈകിട്ടോടെ ഏദനില്‍ നിന്ന് സനായിലേക്ക് യാത്രതിരിക്കാനാകുമെന്നാണ് പ്രേമകുമാരിയുടെ പ്രതീക്ഷ. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ. അനുമതി ലഭിച്ചാല്‍ സനാ നഗരത്തിലെ ജയിലിലെത്തി നിമിഷപ്രിയയെ നേരിട്ട് കാണാനാണ് പ്രേമകുമാരിയുടെയും സംഘത്തിന്റെയും ശ്രമം. പിന്നാലെ സനായില്‍ തന്നെയുള്ള കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെയും കണ്ട് ചര്‍ച്ച നടത്തണം.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും. മോചനാനുമതിക്ക് വേണ്ടി നല്‍കുന്ന ബ്ലഡ് മണിയുടെ കാര്യത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണം. നിമിഷപ്രിയയെ നേരിട്ട് കാണേണ്ടതും സമവായ ചര്‍ച്ചകള്‍ നടത്തേണ്ടതും ഹൂതി വിമതരുടെ കൈയ്യിലുള്ള മേഖലയിലാണ് എന്നതാണ് പ്രധാന പ്രതിസന്ധി. എങ്കിലും പ്രതിസന്ധികള്‍ മറികടന്ന് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂണ്‍ 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം. തലാല്‍ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നേരിട്ട് യെമനിലേക്ക് പോകുന്നതിന് സുരക്ഷാ അനുമതിയും നല്‍കിയില്ല. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.

Spread the love

You cannot copy content of this page