• Tue. Dec 24th, 2024

ശോഭക്കെതിരെ ഇപി ജയരാജന്‍ കേസ് കൊടുക്കും, എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കും: എംവി ഗോവിന്ദന്‍

ByPathmanaban

Apr 29, 2024

തിരുവനന്തപുരം: ഇപി ജയരാജന്‍ വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇപി ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇപി വിവാദം സെക്രട്ടേറിയറ്റ് പരിശോധിച്ചു. ഒരു വര്‍ഷം മുന്‍പ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. നിയമപരമായ തുടര്‍ നടപടിക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചെന്ന് ഇപി പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. കേസ് അടക്കം കാര്യങ്ങള്‍ ആലോചിക്കണം. ഡല്‍ഹിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇപി കേസ് കൊടുക്കുമെന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീരും മുന്‍പെ ബിജെപി സഖ്യകക്ഷികളെ തേടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ വച്ചുള്ള ഭീഷണി കണ്ടതാണ്. മോദിയുടെ ഗ്യാരണ്ടി ജനം തള്ളി. വര്‍ഗീയ പ്രചാരണങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. വടകരയില്‍ അടക്കം വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. വടകരയില്‍ അതിന് കോണ്‍ഗ്രസും കൂട്ട് നിന്നു. തിരഞ്ഞെടുപ്പിന് ശേഷവും വര്‍ഗീയതയെ തുറന്ന് കാണിക്കാന്‍ ശ്രമം നടത്തും. സിഎഎ,രാമക്ഷേത്ര വിഷയങ്ങള്‍ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോള്‍ മോദി നേരിട്ട് വര്‍ഗീയ പ്രചാരണം ഏറ്റെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആര്‍എസ്എസും പയറ്റുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മതനിരപേക്ഷ സര്‍ക്കാര്‍ രാജ്യത്ത് നിലവില്‍ വരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണത്തെ പ്രഭ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും. അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങള്‍ നടത്തി. എല്‍ഡിഎഫ് വിജയം തടയാന്‍ കോണ്‍ഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി. വടകരയില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് നല്‍കി.

ഷാഫി പറമ്പില്‍ ജയിച്ചാല്‍ പാലക്കാട് നിയമസഭാ സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ. സ്ഥാനാര്‍ത്ഥി നേരിട്ട് ഇടപെട്ടാണ് ചര്‍ച്ച നടത്തിയത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊപ്പം വ്യക്തി അധിക്ഷേപവും ഉണ്ടായി. ഇതിനെ എല്ലാം ജനം തള്ളുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടത് സാധ്യത ഇല്ലാതാക്കില്ല. എല്‍ഡിഎഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണ്. ഇടത് മുന്നണി ഭൂരിപക്ഷ സീറ്റ് നേടും.

Spread the love

You cannot copy content of this page