• Tue. Dec 24th, 2024

ജനിച്ചയുടൻ വായിൽ തുണി തിരുകി; കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം താഴേക്കെറിഞ്ഞുവെന്ന് മാതാവ്

ByPathmanaban

May 4, 2024

എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മയായ 23കാരി ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ ആയിരുന്നു യുവതിയുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് യുവതിയ്ക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വായിൽ തുണി തിരുകുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിന്റെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം പുറത്തു കൊണ്ടുപോയി കളയാനായി കവറിൽ പൊതിഞ്ഞു.

എന്നാൽ ഇതിനിടെ അമ്മ വാതിലിന്റെ കതകിൽ തുടരെ മുട്ടി. ഇതോടെ പരിഭ്രമത്തിലായ യുവതി മൃതദേഹം ഫ്‌ളാറ്റിന് മുകളിൽ നിന്നും സമീപത്തെ ചവറ്റ് കൂന ലക്ഷ്യമിട്ട് എറിയുകയായിരുന്നു. എന്നാൽ റോഡിലേക്ക് ആയിരുന്നു മൃതദേഹം വീണത്.

നേരത്തെ കൊലപ്പെടുത്തിയ ശേഷമാണോ അതോ വീഴ്ചയിൽ കുട്ടി കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ചതായി വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഫ്‌ളാറ്റിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പോലീസും. യുവതിയുടെ മൊഴി ലഭിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.

അതേസമയം യുവതിയുടെ വിശദമായ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. നിലവിൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ആശുപത്രിയിൽ എത്തിയാകും മൊഴി രേഖപ്പെടുത്തുക.

Spread the love

You cannot copy content of this page