പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രനും സുഹൃത്ത് സ്വകാര്യ ബസ് ഡ്രൈവര്‍ ഹാഷിമും തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്ന് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറില്‍ നിന്നു ലഭിച്ച ഹാഷിമിന്റെ രണ്ട് ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബര്‍ സെല്‍ വഴി പരിശോധിച്ചു. ഇരുവരും സ്ഥിരമായി ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തി. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം-പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്.
വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്. കായംകുളത്ത് ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒരു വര്‍ഷം മുമ്പാണ് അനുജയുടെ ഭര്‍ത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. അനുജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനുജയെ ബസ്സില്‍ നിന്ന് കാറിലേക്ക് ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു.
ബസ്സില്‍ നിന്നിറങ്ങാന്‍ അനുജ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് അനുജ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു ഹാഷിം വന്നതോടെ, സഹോദരനാണെന്ന് പറഞ്ഞാണ് ഒപ്പം പോയതെന്ന് സഹഅധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞ് വിളിച്ചപ്പോള്‍ അനുജ കരയുകയായിരുന്നു. പിന്നീട് തിരിച്ചുവിളിച്ചു. കുഴപ്പമൊന്നുമില്ല, കുടുംബപ്രശ്‌നങ്ങളാണെന്നും അനുജ പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ അനുജയുടെ ബന്ധുക്കളെ വിളിച്ചതോടെയാണ് അങ്ങനെയൊരു അനുജനില്ലെന്നും വിളിച്ചുകൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നും മറ്റുള്ളവര്‍ അറിയുന്നത്. പിന്നാലെ, ഇവര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തി. ആ നേരത്താണ് അപകടവിവരം അറിഞ്ഞത്.
അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഹാഷിം മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായാണു സൂചന. ഇതേ അനുമാനത്തിലാണ് പൊലീസും മുന്നോട്ടുപോകുന്നത്. കാര്‍ അമിത വേഗത്തിലായിരുന്നു. തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.