• Tue. Dec 24th, 2024

‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’; ദൃക്‌സാക്ഷി

ByPathmanaban

Mar 29, 2024

പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്നാണ് അടൂര്‍ മാരൂര്‍ സ്വദേശി ശങ്കര്‍ വെളിപ്പെടുത്തിയത്. കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം നടന്നോയെന്ന് സംശയമുണ്ടെന്നും ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കാറില്‍ നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങി നില്‍ക്കുന്നത് താന്‍ കണ്ടുവെന്നും ശങ്കര്‍ പറയുന്നുണ്ട്. അതേസമയം കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ റംസാന്‍ പറഞ്ഞത്. ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും റംസാന്‍ പറഞ്ഞു. ഈ വാദം നിഷേധിച്ച് ഹാഷിമിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. എം സി റോഡില്‍ പട്ടാഴിമുക്കിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. രണ്ട് പേരും തല്‍ലക്ഷണം മരിച്ചിരുന്നു. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കൊപ്പമാണ് അനുജ വിനോദയാത്ര പോയത്. മടങ്ങി വരുന്ന വഴി ഹാഷിം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് കൂടെയുണ്ടായിരുന്ന അധ്യാപകര്‍ പ്രതികരിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Spread the love

You cannot copy content of this page