ന്യൂഡല്‍ഹി: തന്‍റെ ജനനം ജൈവികമായ ഒന്നല്ലെന്നും തന്നെ ദെെവം അയച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം.
‘എന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഒരുപക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരുന്നു. അവരുടെ വിയോഗത്തിന് ശേഷം, എല്ലാ അനുഭവങ്ങളും നോക്കുമ്പോള്‍, എന്നെ ദൈവം അയച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ ന്യൂസ് 18 അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. താന്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഊര്‍ജ്ജം ജൈവികമായ ശരീരത്തില്‍ നിന്ന് ഉണ്ടാകാന്‍ കഴിയില്ലെന്നും ചിലത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ദൈവം ഊര്‍ജ്ജം നല്‍കി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
‘ഞാന്‍ ഒന്നുമല്ല. ദൈവം ചിലത് നടപ്പിലാക്കാന്‍ തിരഞ്ഞെടുത്ത ഉപകരണം മാത്രമാണ്. ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ദൈവം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.’ മോദി പറഞ്ഞു. ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 140 കോടി ജനങ്ങളിലേക്കും ഞാന്‍ നോക്കുകയും അവരെ ആരാധിക്കുകയും ചെയ്യാറുണ്ടെന്നും മോദി പറഞ്ഞു.
സമാനമായ കാര്യം ഹിന്ദി ചാനലായ ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലും മോദി പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ തന്നെ ദൈവം അയച്ചതാണെന്നായിരുന്നു ആവര്‍ത്തിച്ച് പറഞ്ഞത്. അതേസമയം മോദിയുടെ പരാമര്‍ശം വ്യാമോഹവും അഹങ്കാരവും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പരാജയ സൂചനയാണ് ഇതിലൂടെ തെളിയുന്നതെന്നും ജയറാം രമേശ് പറഞ്ഞു.