തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസില്‍ നിന്ന് ഓരോ ആളുകളെ അടര്‍ത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തില്‍ കച്ചവടം ചെയ്യുന്നു. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ അന്തര്‍ധാരയാണെന്നും എംഎം ഹസന് പ്രതികരിച്ചു.
ബിജെപിയുമായി സിപിഐഎം ഒരു പാലം ഇട്ടിരിക്കുന്നു. അന്തര്‍ധാരയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാനാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. തൃശൂരിലെ സിപിഐഎം നേതാക്കളെയെല്ലാം കേന്ദ്ര ഏജന്‍സികള്‍ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു.
എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അറിയില്ല. പിന്തുണ സ്വീകരിക്കുന്നതില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. വര്‍ഗീയ പാര്‍ട്ടി, അല്ലാത്ത പാര്‍ട്ടി എന്ന് ആരെക്കുറിച്ചും അഭിപ്രായമില്ല. എല്ലാവരുടെയും വോട്ടിന് തുല്യ മൂല്യമെന്നും എം.എം ഹസന് പറഞ്ഞു.