• Tue. Dec 24th, 2024

സിപിഎമ്മിന്റെ സമ്മാനമാണ് തൃശൂരിലെ ബിജെപിയുടെ ജയം; ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍

ByPathmanaban

Jun 6, 2024

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണെന്ന് പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.പിണറായി വിജയന്‍ സ്വര്‍ണത്താലത്തില്‍വച്ചു നല്‍കിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീല്‍ ഉണ്ടായിരുന്നുവെന്നും ഹസന്‍ ആരോപിച്ചു.

വടകരയില്‍ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു പറയണം. വടകരയില്‍ സമാധാനപരമായി കഴിഞ്ഞ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മോദി കേന്ദ്രത്തില്‍ നടത്തിയതിനു സമാനമായ പ്രചാരണമാണ് ഇവിടെ ഇടതുപക്ഷം നടത്തിയതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞു. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വമ്പിച്ച വിജയം നേടിയപ്പോള്‍ ആവേശത്തോടെ ജനങ്ങളെ അഭിമുഖീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് വമ്പിച്ച പരാജയം ഉണ്ടായപ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കാതെ ഒളിച്ചോടുന്നതെന്നും, അതിനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടിയില്ലെന്നും ഹസന്‍ കൂറ്റപ്പെടുത്തി.

Spread the love

You cannot copy content of this page