• Tue. Dec 24th, 2024

സുപ്രധാന മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി തന്നെ; പ്രധാന വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കും

ByPathmanaban

Jun 6, 2024

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ സുപ്രധാന മന്ത്രിസ്ഥാനങ്ങള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയില്‍വേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകള്‍ ബിജെപി വിട്ടുനല്‍കാന്‍ സാധ്യതയില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെലുങ്കുദേശം പാര്‍ട്ടി, ജെഡിയു, എല്‍ജെപി എന്നിവര്‍ക്ക് ഡിമാന്‍ഡുകള്‍ ഉന്നയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും പ്രധാന വകുപ്പുകള്‍ തുടരാനാണ് ബിജെപിയുടെ തീരുമാനം. ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കും. രണ്ടാം മോദി മന്ത്രിസഭയില്‍ ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്‌നാഥ് സിങ്ങും ധനകാര്യം നിര്‍മല സീതാരാമനും വിദേശകാര്യം എസ്.ജയ്ശങ്കറുമാണ് കാബിനറ്റ് മന്ത്രിമാരായിരുന്നത്.

അശ്വിനി വൈഷ്ണവ് റെയില്‍വേ, ഐടി മന്ത്രിയും അര്‍ജുന്‍ രാം മേഘ്വാള്‍ നിയമമന്ത്രിയുമായിരുന്നു. ഇവര്‍ തന്നെയാണോ സ്ഥാനങ്ങളില്‍ തുടരുകയെന്നതില്‍ സ്ഥിരീകരണമില്ല. മന്ത്രിസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച നടക്കുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.

Spread the love

You cannot copy content of this page