• Tue. Dec 24th, 2024

ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ മന്ത്രി വിദേശത്ത്; കുടുംബസമേതം വിയന്ന സന്ദർശനം

ByPathmanaban

May 25, 2024

തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്‍ സ്വകാര്യ സന്ദര്‍ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര നേരത്തെ തീരുമാനിച്ചതാണ്. ജൂണ്‍ ആദ്യം മടങ്ങിയെത്തും.

അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിച്ചേക്കും. അന്വേഷണം ഏത് രീതിയില്‍ വേണമെന്നതിലടക്കം ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണ്ണായകമാണ്.

പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് മന്ത്രി എം ബി രാജേഷിന്റെ ആവശ്യം. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുമൊ അതല്ല വസ്തുതാന്വേഷണം നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുമോ എന്നതടക്കം നിര്‍ണായകമാണ്.

പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ മദ്യനയത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ക്ക് തയ്യാറായേക്കില്ല. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.

Spread the love

You cannot copy content of this page