തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
കമ്മീഷണര്‍ക്ക് യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേയര്‍ക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.
ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തര്‍ക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവ ദിവസം രാത്രി മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.