• Mon. Dec 23rd, 2024

താല്‍കാലിക യാത്രാരേഖ ലഭിച്ചു; റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി

ByPathmanaban

Mar 31, 2024

ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ച നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സും വൈകാതെ മടങ്ങും. പ്രിന്‍സിനും യാത്രാരേഖ നല്‍കിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു, വിനീത് എന്നിവര്‍ ഇപ്പോഴും യുദ്ധമുഖത്ത് തുടരുകയാണ്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ടാണ് ഇവര്‍ റഷ്യയിലെത്തിയത്.

വിദേശകാര്യ മന്ത്രി വി മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് ഇരുവരേയും നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്ഫോടനത്തില്‍ തകരുകയും ചെയ്തിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു. റഷ്യന്‍ പൗരത്വമുള്ള മലയാളിയാണ് ഡേവിഡിനെ പട്ടാള ക്യാമ്പില്‍ എത്തിച്ചത്. ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടും യാത്രാ രേഖകളും വാങ്ങുകയും ചെയ്തിരുന്നു. പരിശീലനത്തിന് ശേഷം യുക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധമേഖലയില്‍ എത്തിച്ചതോടെയാണ് ഡേവിഡിന് ചതി ബോധ്യമായത്.

Spread the love

You cannot copy content of this page