• Tue. Dec 24th, 2024

ഒമാനിലെ വെള്ളപ്പൊക്കം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ByPathmanaban

Apr 18, 2024

കൊച്ചി: ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ തകര്‍ന്നു വീണ മതിലിനടിയില്‍ നിന്നും ആലപ്പുഴ പുന്നപ്ര സ്വദേശിയായ അശ്വിന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ അശ്വിനെ ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിച്ചത്.

ഒന്‍പതു മണിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാലിന് ഗുരുതര പരിക്കുണ്ട്. പാദത്തിനുള്‍പ്പെടെ ഒന്നിലേറെ ഒടിവും മുറിവുമുണ്ട്. കാലിലെ നീര് കുറഞ്ഞ ശേഷം വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. വലതുകാലിനും പരിക്കുണ്ട്.

ഒമാനിലെ ബിദിയസനായില്‍ സ്വകാര്യ ലെയ്ത്ത് വര്‍ക്ഷോപ്പില്‍ ജീവനക്കാരനാണ് അശ്വിന്‍. ഒന്‍പതുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ഏഴുപേര്‍ക്കൊപ്പം ജോലിസ്ഥലത്തിനുസമീപം തന്നെയാണ് താമസം.

ഗാരേജിലേക്കും മുറിയിലേക്കും വെള്ളം വരാതിരിക്കാന്‍ രണ്ടുപേര്‍ക്കൊപ്പം ചെന്ന് ഗേറ്റ് അടച്ചു. എന്നാല്‍, ഒഴുക്ക് ശക്തമായിരുന്നു. തിരികെ പോകാനായി തുടങ്ങിയപ്പോള്‍ വെള്ളം ഇരച്ചെത്തി, മതില്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന റോബിന്‍ പിടിച്ചുമാറ്റിയതുകൊണ്ടാണ് ജീവന്‍ നഷ്ടമാകാതിരുന്നത്. കാലിനു പരിക്കേറ്റു”.

മതിലിനടിയില്‍പ്പെട്ട് ഇവരുടെ ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി സദാനന്ദന്‍ മരിച്ചു. മസ്‌കറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശ്വിനെ കുടുംബം ഇടപെട്ടാണ് നാട്ടിലെത്തിച്ചത്.

Spread the love

You cannot copy content of this page