ദില്ലി: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽ നിന്ന് വിജയിക്കുമെന്ന് മഹുവ മൊയ്ത്ര. ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ തയ്യാറാവാത്ത പാർട്ടിയാണ് സന്ദേശ് ഖലിയിൽ, തൃണമൂലിനെതിരെ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് സിപിഎം സഖ്യം തനിക്കെതിരെ മത്സരിക്കുന്നതിൽ പ്രശ്നമില്ലെന്നും മഹുവ പശ്ചിമബംഗാളിൽ പ്രതികരിച്ചു.
തന്നെ തോൽപ്പിക്കാൻ മോദി തൻ്റെ മണ്ഡലത്തിൽ രണ്ട് തവണ റാലി നടത്തിയെന്നും പ്രധാനമന്ത്രി ഒരു മണ്ഡലത്തിൽ രണ്ട് തവണ പ്രചാരണത്തിന് എത്തുന്നത് അപൂർവ്വമാണെന്നും മഹുവ ചൂണ്ടിക്കാട്ടി. ഓരോ തവണ മോദി റാലി നടത്തുമ്പോഴും തന്റെ ഭൂരിപക്ഷം 10,000 കൂടുമെന്ന് പറഞ്ഞ മഹുവ ബിജെപി വാഷിംഗ് മെഷീൻ പാർട്ടിയാണെന്നും കുറ്റപ്പെടുത്തി.
സംവരണ ബില്ലിൽ അവകാശവാദം ഉന്നയിക്കുന്ന പാർട്ടി സീറ്റ് നൽകിയത് 13 ശതമാനം സ്ത്രീകൾക്കാണ്. കോൺഗ്രസും സിപിഎമ്മും തനിക്കെതിരെ മത്സരിക്കുന്നതിൽ പ്രശ്നമില്ല. ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ ഗോളടിക്കുന്നത് രസമില്ലെന്നും ബിജെപിക്ക് കഴിഞ്ഞതവണത്തെ അത്ര സീറ്റ് ഇത്തവണ വടക്ക മേഖലയിൽ ലഭിക്കില്ലെന്നും മഹുവ മൊയ്ത് വ്യക്തമാക്കി.