തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് മുന്നണിക്ക് പിന്തുണ നൽകാൻ പി.ഡി.പി തീരുമാനച്ചു. എൽ.ഡി.എഫിനുളള രാഷ്ട്രീയ പിന്തുണ തുടരാൻ പി.ഡി.പി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയാണെങ്കിലും കേന്ദ്രകമ്മിറ്റി തീരുമാനത്തിന് പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅദനി അംഗീകാരം നൽകി. രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ പി.ഡി.പി നേതാക്കൾ കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും നഗരസഭാ മേയറുമായ എം.അനിൽകുമാർ പങ്കെടുത്തത് ശ്രദ്ധേയമായി. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പി പിന്തുണയുളള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് സി.പി.എമ്മിലും എൽ.ഡി.എഫിലും വൻ വിവാദം സൃഷ്ടിച്ചിരുന്നു.
മഅദനിയുടെ പിന്തുണയുളള ഹുസൈൻ രണ്ടത്താണിയെയാണ് പൊതു സ്വതന്ത്രനായി മത്സരിപ്പിച്ചത്. ഇതിനെതിരെ വി.എസ് അച്യുതാനന്ദൻ പ്രത്യക്ഷ വിമർശനം നടത്തിയിരുന്നു. ഹുസൈൻ രണ്ടത്താണിയെ തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുളള ശ്രമത്തെ ശക്തമായി ചോദ്യം ചെയ്ത സി.പി.ഐ, ഒടുവിൽ പൊന്നാനി സീറ്റ് ഉപേക്ഷിച്ച് വയനാട് സീറ്റിലേക്ക് പോയതും ചരിത്രമാണ്. ആ സ്ഥിതിയിൽ നിന്നാണ് പി.ഡി.പിയുടെ നിലപാട് പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ സി.പി.എം നേതാവ് പങ്കെടുക്കുന്നതിലേക്ക് കാര്യങ്ങൾ മാറിയത്.
വി.എസ് അച്യുതാനന്ദൻ സജീവമല്ലാതായതോടെ ഇത്തരം വ്യതിയാനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യമുളള നേതാക്കളാരും പാർട്ടിയിലില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നാണ് സി.പി.എമ്മിന് ഉളളിൽ നിന്ന് തന്നെ ഉയരുന്ന വിമർശനം. ഇടത് മുന്നണിക്ക് നൽകിപ്പോരുന്ന രാഷ്ട്രീയ പിന്തുണ തുടരാനുളള തീരുമാനത്തിന് അംഗീകാരം നൽകിയ മഅദനി വിജയത്തിനായി പ്രചാരണത്തിന് ഇറങ്ങാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാസിസത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടത് മതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് പി.ഡി.പിയുടെ തീരുമാനം. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിൽ മോചിതനായ ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പി.ഡി.പി ഇടത് മുന്നണിയെയാണ് പിന്തുണച്ചിട്ടുളളത്.
വര്‍ഷങ്ങളായി ഇടത് മുന്നണിക്ക് നൽകിപ്പോരുന്ന രാഷ്ട്രീയ പിന്തുണ ഇത്തവണയും തുടരാനാണ് പി.ഡി.പി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയുടെയും സംസ്ഥാന സർക്കാരിന്റെയും പല നയങ്ങളോടും പാർട്ടിക്ക് വിയോജിപ്പ് ഉണ്ടെന്നും അത് തുടരുമെന്നും നേതാക്കൾ അറിയിച്ചു. മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കുന്നതിന് വേണ്ടിക്കൂടിയാണ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണക്കുന്നതെന്നും പി.ഡി.പി നേതാക്കൾ വിശദീകരിക്കുന്നുണ്ട്.1993ലാണ് അബ്ദുന്നാസര്‍ മഅദനി പിഡിപി രൂപീകരിച്ചത്. ഗുരുവായൂർ, തിരൂരങ്ങാടി ഉപ തെരെഞ്ഞെടുപ്പുകളിൽ നിർണ്ണായക ശക്തി ആയിരുന്നു. നീണ്ട കാലത്തെ ജയിൽ വാസത്തിന് ശേഷം സുപ്രീം കോടതിയുടെ അനുമതിയോടെ കഴിഞ്ഞ വർഷമാണ് മഅദനി കേരളത്തിൽ മടങ്ങിയെത്തിയത്.