• Tue. Dec 24th, 2024

തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് സുപ്രിംകോടതിയില്‍

ByPathmanaban

May 11, 2024

992 വോട്ടുകള്‍ക്കാണ് 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്. നിയസഭാ തിരഞ്ഞെടുപ്പ് സമയം വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പൻ്റെ ഫോട്ടോയും വെച്ചുവെന്നാണ് സ്വരാജ് ഉയര്‍ത്തുന്ന വാദം. 

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കെ ബാബുവിൻ്റെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിൻ്റെ ഹര്‍ജിയില്‍ പറയുന്നത്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി പറഞ്ഞത്. 

തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് പ്രചാരണം നടത്തിയതെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം ഉയർന്നത്. 

താൻ തോറ്റാൽ മണ്ഡലത്തിൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിൻ്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അയ്യപ്പൻ്റെ പേരിൽ വോട്ടു പിടിച്ചിട്ടില്ലെന്നും ഇക്കാര്യം നേരത്തെ പൊലീസ് പരിശോധിച്ച് തളളിയതാണെന്നുമാണ് കെ ബാബു വാദിച്ചത്.

Spread the love

You cannot copy content of this page