• Tue. Dec 24th, 2024

യുവതിയെ കത്തിച്ച്കൊന്ന സംഭവം; കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

ByPathmanaban

Apr 14, 2024

പട്ടാമ്പി: കൊടുമുണ്ടയ്ക്ക് സമീപം യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

രാവിലെയാണ് പ്രിവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വയലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു മൃതദേഹം. സമീപത്തായി യുവതിയുടെ സ്‌കൂട്ടറും മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സംഭവം കൊലപാതകമാണെന്ന് പോലീസിന് തുടക്കത്തിലേ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടത് പ്രിവിയയാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് സന്തോഷാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

വിവാഹമോചിതയാണ് പ്രിവിയ. വിവാഹ മോചനത്തിന് ശേഷം സന്തോഷും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ഏപ്രില്‍ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു അതിദാരുണമായ കൊലപാതകം. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ പ്രതി, കുത്തിവീഴ്ത്തിയശേഷം കത്തിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Spread the love

You cannot copy content of this page