• Tue. Dec 24th, 2024

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

ByPathmanaban

May 14, 2024

കോഴിക്കോട്: മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്. ലീ​ഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്. അത് ഫേക്ക് ആണെന്ന് ലീഗ് തെളിയിച്ചു, നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അത് ആരാണ് ചെയ്തത് എന്ന് പറയേണ്ടതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും പൊലീസിനുമാണ്. രംഗം വഷളാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തതാരെന്നു കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സമാധാന ശ്രമത്തിന് അത്യാവശ്യമായി വേണ്ടത് കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തുകയാണ്. പൊലീസ് കണ്ടെത്തിയില്ലെങ്കിൽ ഞങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോകും സമാധാന ശ്രമങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതിനോട് നിസഹകരിക്കില്ല. അങ്ങനെ സമൂഹത്തിൽ കലക്ക് ഉണ്ടാക്കുന്ന ചരിത്രം ലീഗിനില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ സ്‌ത്രീ വിരുദ്ധ പരാമർശം തെറ്റ് തന്നെയാണ്. അക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞതാണ്. പാർട്ടിയും മുന്നണിയും തള്ളി പറഞ്ഞിരുന്നു,അദ്ദേഹം മാപ്പും പറഞ്ഞു. രാജ്യസഭാ സീറ്റ് ലീഗിന് തന്നെയാണ്. രാജ്യസഭാ സീറ്റിൽ ആരാണെന്നുള്ളത് സമയമാകുമ്പോൾ തങ്ങൾ പറയും. ഇപ്പോൾ പാർട്ടി ആ വിഷയം ചർച്ച ചെയ്തിട്ടില്ല.

പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിസന്ധി ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ആയിരകണക്കിന് സീറ്റുകളാണ് കുറവ്. പ്രതിസന്ധി ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയാൽ പറ്റില്ല. വൻപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ന്യായമല്ല. അതിനെതിരെ ശക്തമായ പ്രക്ഷോഭം വേണ്ടിവരും. മന്ത്രി നിലപാട് തിരുത്തണം. പ്ലസ് വണിന് അധിക ബാച്ചുകൾ നൽകിയ പറ്റൂ. സീറ്റില്ലാത്ത സ്ഥലത്ത് കുട്ടികൾ എവിടെയെങ്കിലും ഒക്കെ പഠിച്ചാൽ മതി എന്ന് പറയുന്നത് ന്യായമല്ല. പാരൽ കോളേജിൽ അൺ എയിഡഡ് എന്നെല്ലാം പറയുന്നത് സ്ഥിരം രീതിയാണ്. പഠിക്കാൻ സീറ്റില്ലാതെ ഉന്തിത്തള്ളിക്കൊണ്ട് പോകുന്ന രീതി കുറെയായി.

രണ്ടാം തവണ വന്ന ഇടതുപക്ഷ സർക്കാരിന്റെ കടമയായിരുന്നു സീറ്റ് അനുവദിക്കേണ്ടത്. ഇനിയും ഇത് തുടർന്നാൽ വലിയ ദുരന്തം ഉണ്ടാക്കും. മാർക്കുള്ള കുട്ടികൾക്ക് പോലും പഠിക്കാൻ അവസരം ഇല്ല. അധിക ബാച്ചുകൾ വിദ്യാർത്ഥികളുടെ ആവശ്യമാണ്. അവകാശം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം ആണ് മാർഗ്ഗം. സമരത്തിന് പ്രതിപക്ഷം മാത്രമായിരിക്കില്ല ഉള്ളത്. സർക്കാരിന്റെ നിസംഗ ഭാവത്തെ ഗൗരവമായി തന്നെയാണ് ലീഗ് കാണുന്നത്. എല്ലാ വർഷവും സമരം നടത്തി സീറ്റ് നേടിയെടുക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഗവൺമെൻറ് ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Spread the love

You cannot copy content of this page