വിഷുദര്‍ശനവും മേടമാസ പൂജയും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഏപ്രില്‍ 10ന് പുലര്‍ച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാകും.