തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റിയില്ലെങ്കില്‍ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പില്‍ ഇറക്കിയില്ലെങ്കില്‍ 500 രൂപയാകും പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കും. തുടര്‍ന്നും പരാതിയുണ്ടായാല്‍ സ്ഥലമാറ്റവും സസ്‌പെന്‍ഷനും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പിന്നാലെയുണ്ടാകും.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാര്‍ക്കെതിരേയുള്ള പരാതികളില്‍ ശിക്ഷ വേഗത്തിലാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി. ഉത്തരവിറക്കി. ജില്ലാതല ഓഫീസുകള്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് പുതിയ ക്രമീകരണം.
നിയമലംഘനങ്ങള്‍ യാത്രക്കാര്‍ക്ക് മൊബൈലില്‍ ചിത്രീകരിച്ച് പരാതിക്കൊപ്പം സമര്‍പ്പിക്കാം. ഇതില്‍ കര്‍ശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്സാപ്പിലും കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പറുകളിലും പരാതിപ്പെടാം. അന്വേഷണം വേഗത്തിലാക്കും. പരാതിക്കാരെ അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.യാത്രക്കാരോട് മോശമായി പെരുമാറിയാല്‍ 500 രൂപയാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടര്‍ ഉറങ്ങിയാല്‍ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകള്‍ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര തുടരുക, സര്‍വീസ് റോഡുകള്‍ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കും 1000 രൂപ പിഴ ചുമത്തും.ഭയപ്പെടുത്തുന്ന വിധത്തില്‍ അലക്ഷ്യമായി ബസ് ഓടിക്കുക, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് കൃത്യമായ വിവരം നല്‍കാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകര്‍ക്ക് 500 രൂപ പിഴ ഈടാക്കും.ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാന്‍ പരിശോധന കടുപ്പിക്കും.
ടിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടര്‍ക്കുള്ള ശിക്ഷ ഉയരും. 30 യാത്രക്കാര്‍ ബസിലുള്ളപ്പോഴാണ് ഒരാള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ വിട്ടുപോയതെങ്കില്‍ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കില്‍ 3000 രൂപയും 65 യാത്രക്കാര്‍വരെ ബസിലുണ്ടെങ്കില്‍ 2000 രൂപയും കണ്ടക്ടറില്‍നിന്നും ഈടാക്കും. 65-ല്‍ കൂടുതല്‍ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതില്‍ 1000 രൂപയാണ് പിഴ.അരടിക്കറ്റ് നല്‍കാന്‍ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും. 20-ല്‍ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നല്‍കുന്നതില്‍ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കില്‍ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും.ശമ്പളം കൃത്യമായി നല്‍കാത്ത കോര്‍പ്പറേഷന്‍ ശിക്ഷാനടപടികള്‍ കടുപ്പിക്കുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്