തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ യഥാര്‍ഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഐഎം ലംഘിക്കുകയാണ്. ബിജെപിയേക്കാള്‍ അധികം പിണറായി വിജയന്‍ രാഹുലിനെ കടന്നാക്രമിക്കുകയാണ്.
സിഎംആര്‍എല്‍-കരുവന്നൂര്‍ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കില്‍ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാല്‍ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാള്‍ കൂടുതല്‍ രാഹുല്‍ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുല്‍ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.