• Sun. Dec 22nd, 2024

കട്ടപ്പന ഇരട്ടക്കൊല: മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി

ByPathmanaban

Mar 29, 2024

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍ വെച്ച് നിതീഷ് വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹദോഷം മാറാനെന്ന പേരിലായിരുന്നു പ്രതീകാത്മക വിവാഹം. തുടര്‍ന്ന് ആ വീട്ടില്‍ കഴിയവെ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട നിലയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസിക നില താളംതെറ്റിയ അവസ്ഥയിലായിരുന്നു.

പൊലീസ് പല തവണ കൗണ്‍സിലിങ് നടത്തിയശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. മാനസിക നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയുടെ അമ്മയേയും നിതീഷ് ബലാത്സംഗം ചെയ്തിരുന്നു. തന്നില്‍ പ്രവേശിച്ച ഗന്ധര്‍വനെ പ്രീതിപ്പെടുത്താനെന്ന പേരിലായിരുന്നു പീഡനം.

ഈ കേസില്‍ നിതീഷിനെതിരെ നേരത്തെ ബലാത്സംഗക്കേസ് എടുത്തിരുന്നു. ഇരട്ടക്കൊലപാതകക്കേസില്‍ നിതീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. പൊലീസ് ജയിലിലെത്തി പുതിയ ബലാത്സംഗക്കേസില്‍ നിതീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.

Spread the love

You cannot copy content of this page