• Tue. Dec 24th, 2024

ഒളിവില്‍ പോയ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍

ByPathmanaban

May 23, 2024

ലൈംഗികാതിക്രമ കേസില്‍ വിദേശത്ത് ഒളിവില്‍ പോയ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്ത് പരിശോധിക്കുകയാണെന്നും, തുടര്‍ നടപടി ആലോചിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

27 ദിവസമായി വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണയെ നാട്ടിലെത്തിക്കാന്‍ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതിനായി പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. പ്രജ്വല്‍ വിദേശത്തേക്ക് കടന്നതും, ആറോളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതും ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ പല തവണ ആവശ്യപ്പെട്ടിട്ടും നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ചോദ്യം.

അതേസമയം സിദ്ധരാമയ്യ അയച്ച രണ്ടാമത്തെ കത്തില്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണമുണ്ടായെന്നാണ് സൂചന. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം പ്രജ്വല്‍ കീഴടങ്ങുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രജ്വല്‍ ഉടന്‍ കീഴടങ്ങേണ്ടന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനാണ് സാധ്യത.

Spread the love

You cannot copy content of this page