ഇന്ത്യന്‍ സിനിമയെ പിടിച്ച് കുലുക്കിയ റിഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരികുക്കയാണ്. ‘കാന്താര ചാപ്റ്റര്‍ 1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോസിന്റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി നേരിട്ട് വേദിയിലും എത്തിയിരുന്നു.
കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് സംവിധായകന്‍ കൂടിയായ റിഷബ് പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെയായിരുന്നു പ്രേഷകര്‍ ആ വാര്‍ത്ത ഏറ്റെടുത്തത്. എന്നാല്‍ വെറും രണ്ടാം ഭാഗമല്ല, ചരിത്ര കഥയാണ് പറയാന്‍ പോകുന്നത് എന്ന് റിഷബ് വീണ്ടും ഓര്‍മ്മിപ്പിച്ചപ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ഉണ്ടായത്.
2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാന്‍ കാരണമായി. കേരളത്തിലടക്കം വമ്പന്‍ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചര്‍ച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത കിട്ടിയെന്നതിന്റെ ഉദാഹരണമാണിത്. അതായത്, കാന്താര എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ്2, സലാര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.