• Tue. Dec 24th, 2024

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസാണെന്ന വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്

ByPathmanaban

Apr 5, 2024

ന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് എവിടെ പോയി?,’ എന്നായിരുന്നു നടി പറഞ്ഞത്.

കങ്കണയുടെ ഈ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ‘വിദ്യാസമ്പന്നരും വിവേകികളുമായ ആളുകള്‍ക്ക് വോട്ട് ചെയ്യുക,’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും എഎപി രാജ്യസഭാ എംപിയുമായ സ്വാതി മലിവാള്‍ പ്രതികരിച്ചത്.

നടന്‍ പ്രകാശ് രാജും വിഷയത്തില്‍ പ്രതികരിച്ചു. ‘സുപ്രീം ജോക്കര്‍ നയിക്കുന്ന പാര്‍ട്ടിയിലെ കോമാളികള്‍… എന്തൊരു നാണക്കേടാണ്,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘കങ്കണ റണാവത്തിന്റെ ഐക്യു 110 ആണ്’, ‘അവര്‍ ക്വാണ്ടം ഹിസ്റ്ററിയില്‍ ബിരുദധാരിയാണ്’, ‘കങ്കണ അറിവിന്റെ പ്രതിരൂപമാണ്’ എന്നിങ്ങനെ പോകുന്നു മറ്റു പ്രതികരണങ്ങള്‍. കഴിഞ്ഞ മാസം 24നായിരുന്നു ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി കങ്കണയെ പ്രഖ്യാപിച്ചത്. ഹിമാചലിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ മത്സരിക്കുക. ബിജെപിയില്‍ ചേരാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട് എന്നായിരുന്നു താരം പ്രതികരിച്ചത്.

Spread the love

You cannot copy content of this page