• Mon. Dec 23rd, 2024

വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദം; പി കെ ഖാസിമിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ByPathmanaban

May 31, 2024

കോഴിക്കോട്: വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്ന് ആണ് പി കെ ഖാസിം ഉയർത്തുന്ന പ്രധാന വാദം. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണം. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീൻ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നാണ് പി കെ ഖാസിമിൻെറ ആവശ്യം.

‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ രം​ഗത്ത് വന്നിരുന്നു. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു.

മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്. ലീ​ഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്. അത് ഫേക്ക് ആണെന്ന് ലീഗ് തെളിയിച്ചു, നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അത് ആരാണ് ചെയ്തത് എന്ന് പറയേണ്ടതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും പൊലീസിനുമാണ്. രംഗം വഷളാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തതാരെന്നു കണ്ടെത്തണമെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചിരുന്നു.

Spread the love

You cannot copy content of this page