• Mon. Dec 23rd, 2024

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അമേഠിയിലെ അതേ ഗതി വരുമെന്ന് കെ.സുരേന്ദ്രൻ

ByPathmanaban

Mar 26, 2024

2019ല്‍ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്‌സസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍ .

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വയനാട്ടില്‍ ഞായറാഴ്ചയാണ് ബിജെപി, കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നടന്‍ കങ്കണ റണാവത്ത്, ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ, ബിജെപി എംപി മനേകാ ഗാന്ധി, വ്യവസായിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡാല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണ് കേരള ബിജെപി അദ്ധ്യക്ഷന്റെ പേരും പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മിസോറാം, സിക്കിം, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ബിജെപി ഞായറാഴ്ച പുറത്തുവിട്ടു.

‘വയനാട് മണ്ഡലത്തിലെ പോരാട്ടം ഏറ്റെടുക്കാന്‍ ‘കേന്ദ്ര നേതൃത്വം എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്’. എന്തുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒരേ മണ്ഡലത്തില്‍ പരസ്പരം മത്സരിക്കുന്നതെന്ന് വയനാട്ടിലെ ജനങ്ങള്‍ തീര്‍ച്ചയായും ചോദിക്കും,” കെ.സുരേന്ദ്രന്‍ പറഞ്ഞു. 2020 മുതല്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റാണ് കെ.സുരേന്ദ്രന്‍

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ കോണ്‍ഗ്രസ്, ഇടതു സ്ഥാനാര്‍ത്ഥികളുടെ പിറകിലായി മൂന്നാം സ്ഥാനത്ത് ആയിരുന്നു. അതിനുമുമ്പ്, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വെറും 89 വോട്ടിന്റെ വ്യത്യാസത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്. 2019-ല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പിപി സുനീറിനെ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചക് 78,816 വോട്ടുകള്‍ മാത്രമാണ്. ഇത്തവണ സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയാണ് വയനാട്ടിലെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി

Spread the love

You cannot copy content of this page