• Tue. Dec 24th, 2024

സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്ന്, കെ സുരേന്ദ്രന്‍

ByPathmanaban

Jun 7, 2024

ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹമാസിന് വേണ്ടി വോട്ട് ചോദിച്ചുവെന്നും സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കേവലമായ വോട്ട് ഷിഫ്റ്റ് അല്ല. ആശയപരമായ മാറ്റമാണുണ്ടായത്. ആശയപരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാവുകയാണ്. അതിന്റെ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു സീറ്റില്‍ വിജയിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമര്‍ശിച്ചു. ദക്ഷിണ ഭാരതത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് നരേന്ദ്രമോദിയുടെ അവകാശവാദം. കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ബലിദാനികളായി. തലമുറകളായി പാര്‍ട്ടി വേട്ടയാടലുകള്‍ സഹിച്ചു. എന്നിട്ടും പരിശ്രമം തുടര്‍ന്നു. ഒടുവില്‍ ഒരു അംഗം വിജയിച്ചു എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താന്‍ ചില പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായ കൂട്ടായ്മയല്ല എന്‍ഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. എന്‍ഡിഎയിലെ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു.’ മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമര്‍ശം.

Spread the love

You cannot copy content of this page