• Tue. Dec 24th, 2024

ഇല്ലാത്ത കുറ്റത്തിന് എന്നെ പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനല്‍ ലീഡര്‍ ആക്കി രാഷ്ട്രീയത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് കോടതി വിധി; കെ സുധാകരന്‍

ByPathmanaban

May 21, 2024

ന്യൂഡല്‍ഹി: ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎം. കേസ് ഏറെ നീണ്ടുപോയി. തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയാണ് മനസ്സ്. ഇല്ലാത്ത കുറ്റത്തിന് എന്നെ പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനല്‍ ലീഡര്‍ ആക്കി രാഷ്ട്രീയത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് മോചനം കിട്ടിയ വിധിയാണിതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇ പിയോട് എന്തേലും പറയാനുണ്ടോയെന്ന ചോദ്യത്തോട് ‘പാവം ഇ പി’ എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

കെ സുധാകരനെ കിറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 29 വര്‍ഷക്കാലം സിപിഐഎം കെ സുധാകരനെ വേട്ടയാടുകയായിരുന്നു. സിപിഐഎം തെറ്റായ നടപടിയാണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും. കെ സുധാകരന് ആശ്വസിക്കാമെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. പൊതുസമൂഹത്തിന്റെ മുന്നില്‍ സിപിഐഎം മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇ പി ജയരാജന്‍ വധശ്രമക്കേസിലെ ഗൂഢാലോചന കേസിലാണ് കെ സുധാകരനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കേസില്‍ കുറ്റവിമുക്തനാണെന്ന് ആവശ്യപ്പെട്ടുള്ള കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി വിചാരണ കോടതി തള്ളിയത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1995 ഏപ്രില്‍ 12 ന് ട്രെയിന്‍ യാത്രക്കിടെയാണ് ഇ പി ജയരാജനെതിരെ വധശ്രമം ഉണ്ടായത്. തിരുവനന്തപുരത്ത് താമസിച്ച് ജയരാജനെ കൊല്ലാന്‍ ഗൂഢാലോചമ നടത്തിയെന്നാണ് കേസ്.

Spread the love

You cannot copy content of this page