തൃശ്ശൂര്‍: തൃശൂരില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശം നല്‍കിയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആരോപിച്ചു. തൃശൂരില്‍ ബിജെപി സിപിഐഎം അന്തര്‍ധാരയുണ്ട്. ഫ്‌ലാറ്റുകളില്‍ ബിജെപി വോട്ടുകള്‍ ചേര്‍ത്തത് സിപിഐഎം സര്‍വീസ് സംഘടനാ പ്രവര്‍ത്തകരാണ്. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
”കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തില്‍ കൈവിട്ടുപോയതുള്‍പ്പടെ 20 സീറ്റുകളിലും ഇക്കുറി യുഡിഎഫ് ജയിക്കും. ഇന്നലെത്തന്നെ എല്‍ഡിഎഫിന്റെ ചില സോഷ്യല്‍ ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങള്‍ പരത്തുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്‌ലാറ്റില്‍ വോട്ടര്‍മാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേര്‍ത്തിരിക്കുകയാ. ഞാന്‍ പരാതി കൊടുക്കാന്‍ പോവാ. അവിടുത്തെ ബിഎല്‍ഒ സിപിഐഎമ്മുകാരനാ. അവരുടെ സര്‍വ്വീസ് സംഘടനേല്‍ പെട്ട ആളാ. അയാള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎല്‍ഒ എങ്ങനെ ബിജെപിക്കാരെ ചേര്‍ത്തു. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മില്‍ വ്യക്തമായ അന്തര്‍ധാരയുണ്ട്.” മുരളീധരന്‍ പറഞ്ഞു.
അവര് നോട്ടീസയച്ച് കളിക്കുകയാണ്. ഇതൊക്കെ നേരെ മറിച്ചൊരു കോണ്‍ഗ്രസുകാരനാണെങ്കില്‍ നോട്ടീസ് അയയ്ക്കുകയല്ല, അറസ്റ്റാണ് ഉണ്ടാവുക. ഇത് അറസ്റ്റ് നടക്കില്ലെന്നുറപ്പാണ്, കാരണം ഇത് അന്തര്‍ധാരയ്ക്ക് വേണ്ടിയുള്ള നോട്ടീസായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.കരുവന്നൂര്‍ വിഷയം എല്‍ഡിഎഫിനെതിരായ വികാരമുണ്ടാക്കും. അതില്‍ കേന്ദ്രസര്‍ക്കാരിനോടും ജനത്തിന് വിരോധമുണ്ട്.