• Sun. Jan 12th, 2025

കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി; ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍

ByPathmanaban

Apr 22, 2024

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ‘കലക്കിയത്’ പൊലീസെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. നിലവിലെ നടപടികള്‍ പര്യാപ്തമല്ലെന്നും കമ്മീഷണര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലംമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രതികരണം.’കമ്മീഷണറെ തല്‍കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. ആളെപ്പറ്റിക്കാനാണ് ഈ നടപടി. പൂരം കലക്കാന്‍ രാവിലെ മുതല്‍ കമ്മീഷണര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി. ബ്രഹ്‌മസ്വം മഠത്തില്‍ പാസ് കാണിച്ചെത്തിയവരെ തടഞ്ഞു. എന്നെ തടയാന്‍ നോക്കിയിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. പൂരത്തിന്റെ പൊലിമ മുഴുവന്‍ പോയി.’ കെ മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടും കെ മുരളീധരന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് സിപിഐഎം എംപിമാരുണ്ടായാല്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കില്ല എന്നാണ് പിണറായിയുടെ പ്രസ്താവനയുടെ അര്‍ഥം. സിപിഐഎം ഇന്‍ഡ്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമെന്നതിന്റെ ഉദാഹരണമാണിത്. കേരളത്തില്‍ നിന്ന് ഇടത് പക്ഷത്തി ന്റെ ഒറ്റ എംപിമാരെപ്പോലും ഡല്‍ഹിക്കയക്കരുത്. അയച്ചാല്‍ അവര്‍ ഇന്‍ഡ്യ മുന്നണി കുളമാക്കും രാഹുലിനെ മാത്രമല്ല, കോണ്‍ഗ്രസിനെ പോലും തലപ്പെത്തെത്തിക്കാന്‍ ഇടത് പക്ഷം സമ്മതിക്കില്ല. മോദിക്ക് വേണ്ടി ഇടത് പക്ഷം ഇന്‍ഡ്യാ മുന്നണി കലക്കും. പിണറായിയുടെ ഒരാളെപ്പോലും ഡല്‍ഹിക്കയക്കരുത്. രാഹുല്‍ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സംഭവസ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചെന്നാണ് ബിജെപി സൈബര്‍ പോരാളികള്‍ പറയുന്നത്. സുരേഷ് ഗോപിയെ പൂരത്തിന്റന്ന് എവിടെയും കണ്ടില്ല. പുറം വേദനയാണെന്ന് പറഞ്ഞു പോയയാള്‍ പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു. എന്നിട്ട് സൈബര്‍ പ്രവര്‍ത്തകരെക്കൊണ്ട് പ്രശ്നം പരിഹരിച്ചു എന്ന് പറയിക്കുന്നതും ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.വോട്ടുകച്ചവടത്തിന് പൂരത്തെ മറയാക്കി. ഇത് അന്തര്‍ധാരയുടെ ഭാഗം. തൃശ്ശൂരില്‍ യുഡിഎഫ് വിജയിക്കും. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാല്‍ ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Spread the love

You cannot copy content of this page