ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയെ ഈ മാസം 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയായ ശേഷമാണ് ഡല്‍ഹി റൗസ് അവന്യു കോടതിയുടെ നടപടി. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ കവിതയെ അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കവിതക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സി.ബി.ഐ രംഗത്തെത്തുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടിക്ക് 25 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അരബിന്ദോ ഫാര്‍മ പ്രമോട്ടര്‍ ശരത് ചന്ദ്ര റെഡ്ഡിയെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കൂടിയായ കവിത ഭീഷണിപ്പെടുത്തിയതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. ഈ പണം നല്‍കിയില്ലെങ്കില്‍ റെഡ്ഡിയുടെ തെലങ്കാനയിലെ ബിസിനസ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സി.ബി.ഐ ആരോപിച്ചു. തനിക്ക് ഡല്‍ഹി സര്‍ക്കാരിലെ ആളുകളുമായി ബന്ധമുണ്ടെന്നും ദേശീയ തലസ്ഥാനത്ത് മദ്യബിസിനസ് തുടങ്ങാന്‍ സഹായിക്കാമെന്നും കവിത, റെഡ്ഡിക്ക് ഉറപ്പുനല്‍കിയെന്നും സി.ബി.ഐ ആരോപിച്ചു.