• Tue. Dec 24th, 2024

മോദിക്ക് ചരിത്രമറിയില്ല, ഭിന്നിപ്പിൻ്റെ രാഷ്ട്രീയം ബിജെപിയുടേത്; ലീഗ് പരാമർശത്തിൽ ജയറാം രമേശ്

ByPathmanaban

Apr 7, 2024

ഡൽഹി: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിമർശനങ്ങളിൽ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിൻ്റെ രാഷ്ട്രീയം പയറ്റുന്നത് ബിജെപിയാണെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ മുസ്ലീം ലീഗിൻ്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്.

ബംഗാളിൽ മുസ്ലിം ലീഗ് കൂടി ഉൾപ്പെട്ട സഖ്യ സർക്കാരിന്റെ ഭാഗമായിരുന്നു ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് ശ്യാമപ്രസാദ് മുഖർജിയെന്ന് ജയറാം രമേശ് മോദിയെ ഓർമ്മിപ്പിച്ചു. വടക്കുപടിഞ്ഞാറൻ അതിർത്തിയിലും സിന്ധിലും ഹിന്ദു മഹാസഭ മുസ്ലീം ലീഗുമായി സഖ്യം ചേ‍ർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും കോൺഗ്രസ് പൂർണ്ണമായും വേർപെട്ടുവെന്നായിരുന്നു കോൺ​ഗ്രസ് പ്രകടനപത്രികയോടുള്ള മോദിയുടെ പ്രതികരണം. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരിക്കുന്നു മോദി. ബിജെപി സർക്കാർ ഒരു വിവേചനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പദ്ധതികൾ എല്ലാ വിഭാഗത്തിലും എല്ലാവരിലും എത്തണം എന്നതാണ് തങ്ങളുടെ ചിന്തയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ ഇൻഡ്യ സഖ്യത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു.

Spread the love

You cannot copy content of this page