• Tue. Dec 24th, 2024

പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ വകുപ്പിന്റെ ജാഗ്രതക്കുറവെന്ന് ഇറിഗേഷന്‍ വകുപ്പ്

ByPathmanaban

May 23, 2024

കൊച്ചി: വ്യവസായ വകുപ്പിന്റെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂര്‍ മുന്‍പ് തന്നെ മത്സ്യങ്ങള്‍ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ അറിയിച്ചിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല പാതാളം ഷട്ടറിന് മുന്‍പുള്ള ഏതോ ഫാക്ടറിയിലെ രാസമാലിന്യമാണ് മീന്‍ കുരുതിക്ക് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ മാത്രമല്ല വന്‍കിട പൊതുമേഖലാ ഫാക്ടറികളും പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് ചെറുതും വലുതുമായ തുടര്‍ച്ചയായ മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് ഒഴുക്കാന്‍ മാത്രമാണ് ഫാക്ടറികള്‍ക്ക് അനുമതി. ഇതിന്റെ മറവിലാണ് രാവും പകലുമില്ലാതെ മലിനജലം ഒഴുക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങള്‍ വൈകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോര്‍ട്ട് കൊച്ചി സബ് കളക്ടറും ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടറും ഇന്ന് പെരിയാര്‍ സന്ദര്‍ശിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് സിപിഎം ഇന്ന് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ളം മലിനമാക്കിയതിന് എതിരെ മത്സ്യ കര്‍ഷകര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും.

Spread the love

You cannot copy content of this page