ടൊറന്റോയിലെ മാള്‍ട്ടണില്‍ നടന്ന നഗര്‍ കീര്‍ത്തന പരേഡില്‍ ഖാലിസ്ഥാന്‍ അനുകൂല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കാനഡയെ വീണ്ടും വിമര്‍ശിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു ‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, കാനഡയിലെ തീവ്രവാദികള്‍ നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് കാനഡയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാനഡയിലുടനീളം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അക്രമങ്ങളുടെ ആഘോഷവും മഹത്വവല്‍ക്കരണവും ഒരു പരിഷ്കൃത സമൂഹത്തിന്റെയും ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര ഘടകങ്ങളുടെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാള്‍ട്ടനില്‍ നടന്ന പരേഡില്‍ ഖാലിസ്ഥാനി പതാകകള്‍ ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍ ജയിലിന് സമാനമായ കണ്ടെയ്നറിനുള്ളില്‍ സ്ഥാപിച്ചതായുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.