• Tue. Dec 24th, 2024

ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം ദുരൂഹമായി മരിച്ചത് ആറുപേർ; വില്ലന്‍ മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം

ByPathmanaban

Apr 13, 2024

കോഴിക്കോട്: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗവും അതുമൂലമുള്ള മരണവും കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ ​ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം മയക്കുമരുന്ന് ഉപയോ​ഗത്തെ തുട‍ർന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.

ഈ പ്രദേശങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം കൂടുന്നതിൽ ആശങ്കയിലാണ് ഇവിടുത്തുകാർ. ഒഞ്ചിയം സംഭവത്തിന് ശേഷം സംശയം നിലനിൽക്കുന്ന മരണങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരുടെ കണക്കുകളും പൊലീസ് എടുത്തുവരുന്നുണ്ട്.

ഈ പ്രദേശത്ത് തന്നെ മൂന്ന് മാസം മുമ്പ് ഒരു യുവാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിലും മയക്കുമരുന്ന് ഉപയോ​ഗം സംശയിക്കുന്നുണ്ട്. കൊയിലാണ്ടിയിലെ ഒരു യുവാവ് മരിച്ചതും മയക്കുമരുന്ന് ഉപയോ​ഗത്തെ തുടർന്നാണെന്നാണ് സംശയം. മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.

വടകര ടൗണിലെ ലോഡ്ജിൽ ഒരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഓർക്കാട്ടേരിയിലും ദുരൂഹ സാഹചര്യത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. ഒഞ്ചിയം ഭാ​​ഗത്ത് പ്രവാസിയായ യുവാവിനെ കൈനാട്ടി മേൽപ്പാലത്തിന് അടിഭാ​ഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹ​ത ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരടക്കം പിടിക്കപ്പെട്ടിരുന്നു.

Spread the love

You cannot copy content of this page