• Tue. Dec 24th, 2024

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും; യുവാവിനെ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു

ByPathmanaban

Apr 24, 2024

ബരാബങ്കി: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും അവരുടെ സഹോദരന്മാരും ചേർന്ന് മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഏപ്രില്‍ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്.

എന്നാല്‍, ഇവ നല്‍കുന്നതിനോട് ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. എതിര്‍പ്പ് അവഗണിച്ച് സമ്മാനം നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി. തുടര്‍ന്ന് ചാബിയും സഹാദരങ്ങളും ചേര്‍ന്ന് ചന്ദ്ര പ്രകാശിനെ ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് മരണപ്പെട്ടത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love

You cannot copy content of this page