• Tue. Dec 24th, 2024

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി

ByPathmanaban

May 3, 2024

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാം. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ​​ഗതാ​ഗതമന്ത്രിയുടെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ഇന്നലെ പലയിടങ്ങളിലും സമരം കടുത്തതോടെ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നു.

Spread the love

You cannot copy content of this page