ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടി ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആടുജീവിതത്തിന്റെ ഈ നേട്ടം. പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനും ഉയര്‍ന്ന കളക്ഷനും ആടുജീവിതത്തിനാണ്.
കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. 2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ നായികയായെത്തിയത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.