• Tue. Dec 24th, 2024

സിദ്ധാർത്ഥിന്റെ മരണം; ഫൊറൻസിക് സംഘം ഇന്ന് പൂക്കോട്ട്, മൃതദേഹം ആദ്യം കണ്ടവരെ ചോദ്യംചെയ്യും

ByPathmanaban

Apr 13, 2024

വയനാട്: വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണത്തിൽ സിബിഐ ഇന്ന് ഹോസ്റ്റലിലെത്തി പരിശോധന നടത്തും. സിദ്ധാർഥിനെ മരിച്ച നിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സിബിഐ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് കോളേജിലെത്താനാണ് നിർദേശം. മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനുള്ള ഫോറൻസിക് സംഘം ഉൾപ്പെടെ അന്വേഷണസംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് കോളേജിൽ എത്തുമെന്നാണ് വിവരം.

കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. കേസിൽ എഫ്‌ഐആർ സമർപ്പിച്ച സിബിഐ, കഴിഞ്ഞ ദിവസം സിദ്ധാർഥിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥിന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവദിവസം ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് മുൻപ് തന്നെ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ പ്രതിപ്പട്ടികയിലുളളവരുമുണ്ട്. സിനിമ കാണാൻ പോയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ 166 വിദ്യാർത്ഥികളുടെ മൊഴികൾ ആന്റി റാഗിംഗ് സ്ക്വാഡ് എടുത്തിരുന്നു. അതേസമയം, കോളേജിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകാൻ ഹാജരാകാത്തതും സിദ്ധാർത്ഥിനെ മർദ്ദിച്ചതിന് പിന്നാലെ ഹോസ്റ്റലിലെ പാചകക്കാരൻ ജോലി ഉപേക്ഷിച്ചതും സംശയങ്ങൾ കൂട്ടുകയാണ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 20 പ്രതികളും റിമാൻഡിലാണ്.

Spread the love

You cannot copy content of this page