• Tue. Dec 24th, 2024

ഡല്‍ഹി മദ്യനയ കേസ്;മാപ്പ് സാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 5 കോടി

ByPathmanaban

Mar 22, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മാപ്പ് സാക്ഷിയായി മാറിയ പി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് അഞ്ച് കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ശരത് ചന്ദ്ര റെഡ്ഡി സംഭാവനയായി കോടികള്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് രേഖകളിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. 2022 നവംബര്‍ 10നാണ് മദ്യ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 15 ന് അദ്ദേഹത്തിന്റെ കമ്പനിയായ അരബിന്ദോ ഫാര്‍മ അഞ്ച് കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. പിന്നീട് അവയെല്ലാം 2022 നവംബര്‍ 21-ന് ബിജെപിക്ക് നല്‍കുകയായിരുന്നു. അരബിന്ദോ ഫാര്‍മ 52 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ആകെ വാങ്ങിയത്. ഇതില്‍ 34.5 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്ക് ദേശം പാര്‍ട്ടിക്ക് 2.5 കോടി രൂപയും കമ്പനി സംഭാവന നല്‍കി.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട കേസിലും നേരത്തെ ശരത്തിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. 2012ല്‍ ജഗനെതിരായ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തിലാണ് ശരത്തിന്റെ പേരുണ്ടായിരുന്നത്. 2006-ല്‍ ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷനുമായുള്ള ഭൂമി വില്‍പന കരാറുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കേസ്. ശരത് മാനേജിംഗ് ഡയറക്ടറായിരുന്ന ട്രൈഡന്റ് ലൈഫ് സയന്‍സസ് ലിമിറ്റഡാണ് ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ വിചാരണ ഇപ്പോഴും തുടരുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി. പിതാവ് പി വി രാം പ്രസാദ് റെഡ്ഡി സ്ഥാപിച്ച അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ശരത് ചന്ദ്ര റെഡ്ഡി.

2021 നവംബറില്‍ നടപ്പിലാക്കി 2022 ജൂലൈ 30ന് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ഇടപാടാക്കി നല്‍കുന്നതിന് ശരത് പ്രധാന പങ്കുവഹിച്ചു എന്നായിരുന്നു ഇ ഡിയുടെ ആരോപണം. 2023 ജൂണ്‍ 1നാണ് ഡല്‍ഹി കോടതി ശരത്തിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയത്. ‘സൗത്ത് ഗ്രൂപ്പിലെ’ മറ്റ് രണ്ട് അംഗങ്ങളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയും അദ്ദേഹത്തിന്റെ മകന്‍ രാഘവും ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി ദിനേശ് അറോറയും പിന്നീട് കേസില്‍ മാപ്പുസാക്ഷികളായി മാറിയിരുന്നു.

Spread the love

You cannot copy content of this page