• Mon. Dec 23rd, 2024

സാമ്പത്തിക പ്രതിസന്ധി; മൂന്നംഗ കുടുംബം ജീവനൊടുക്കി

ByPathmanaban

Jun 10, 2024

നെയ്യാറ്റിൻകര: ജീവിതമവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി. നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിളവീട്ടിൽ മണിലാൽ(52), ഭാര്യ സ്മിത(45), മകൻ അഭിലാൽ(22) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാൽ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനെയും വിളിച്ചറിയിച്ചത്.

വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനുപുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളിൽ അവശനിലയിൽ കണ്ടത്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി. പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിച്ചതിനാൽ സയനൈഡ് പോലുള്ള വിഷവസ്തുവെന്തെങ്കിലുമാകാം ഇവർ കഴിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാൽ. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ എൻജിനിയറിങ് പഠനം കഴിഞ്ഞുനിൽക്കുകയായിരുന്നു. സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന്‌ പോലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Spread the love

You cannot copy content of this page