തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബവും. സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് ചോദിക്കലും കുടുംബ സംഗമങ്ങളുമായി കഴിഞ്ഞ ഒരാഴ്ച്ചയോളമായി രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യ അഞ്ജുവും മകൻ വേദും മണ്ഡലത്തിലുണ്ട്.
വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഭവന സന്ദർശനങ്ങളും കൂട്ടായ്മകളും ആദ്യത്തെ അനുഭവമാണെന്ന് അഞ്ജു ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
”ഒരു കാലത്ത് മലയാളികൾ പഠനം കഴിഞ്ഞ് തൊഴിൽ തേടി വിദേശത്ത് പോയിരുന്നുവെങ്കിൽ ഇന്ന് പഠനത്തിന് പോലും കേരളീയർ അന്യനാടുകളെ ആശ്രയിക്കുന്നു. കൊലപാതകങ്ങളടക്കം കോളേജുകളിൽ നടക്കുന്ന അക്രമങ്ങൾ സ്വൈരജീവിതമാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും സ്വസ്ഥത കെടുത്തുന്നുവെന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്”, അഞ്ജു ചന്ദ്രശേഖർ പറഞ്ഞു.
മകൻ വേദിനൊപ്പമാണ് അഞ്ജു ചന്ദ്രശേഖർ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചരണത്തിനിറങ്ങുന്നത്. ബംഗളുരുവിൽ ഫിൻ ടെക് മേഖലയിൽ ഉദ്യോഗസ്ഥനാണ് വേദ്. അഭിഭാഷകയായ മകൾ ദേവികക്ക് പ്രചാരണത്തിനെത്താൻ കഴിയാത്തതിലെ വിഷമവും കുടുംബാംഗങ്ങൾക്കുണ്ട്.
നേമം മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഒപ്പം സാഹിത്യ, സാംസ്കാരിക മേഖലകളിലുള്ളവരുമായും ഇരുവരും ആശയ വിനിമയം നടത്തി. വരും നാളുകളിലും പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചാരണ രംഗത്ത് സജീവമാകാനാണ് ഇരുവരുടേയും തീരുമാനം.